യോഹന്നാൻ 1 1

Study

   

1 ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും

2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —

3 ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

4 നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ ഞങ്ങള്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു.

5 ദൈവം വെളിച്ചം ആകുന്നു; അവനില്‍ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.

6 അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷകു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല.

7 അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.

9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി.